Thursday, December 25, 2008

പതിനൊന്നുകാരന് 156 ദിവസംകൊണ്ട്‌ ഖുര്‍ആന്‍ മന:പാഠമാക്കി

പതിനൊന്നുകാരന് 156 ദിവസംകൊണ്ട്‌ ഖുര്‍�


(കടപ്പാട് chandrika)
ലേഖകന്‍/ലേഖിക Administrator
Thursday, 25 December 2008
പതിനൊന്നുകാരന് 156 ദിവസംകൊണ്ട്‌ ഖുര്‍ആന്‍ മന:പാഠമാക്കി
മാവൂര്‍: 156 ദിവസംകൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മന:പാഠമാക്കിയ പതിനൊന്നു വയസുകാരന്‍ വിസ്‌മയമാകുന്നു. പാഴൂര്‍ ദാറുല്‍ ഖുര്‍ആന്‍ ഹിഫ്‌ള്‌ കോളജിലെ വിദ്യാര്‍ത്ഥി മുഹമ്മദ്‌ ബിലാലാണ്‌ ഏതാനും മാസങ്ങള്‍ക്കകം ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയത്‌. ഇന്ത്യയില്‍ ഇത്ര ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്‌ ഖുര്‍ആന്‍ മുഴുവനും മന:പാഠമാക്കിയ വിദ്യാര്‍ത്ഥിയാണ്‌ ബിലാല്‍.ഖുര്‍ആന്‍ സ്റ്റഡിസെന്ററിനു കീഴില്‍ കഴിഞ്ഞ ജൂണിലാണ്‌ പാഴൂരില്‍ ദാറുല്‍ ഖുര്‍ആന്‍ നിലവില്‍ വന്നത്‌. കോളജിലെ പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥിയാണ്‌ ബിലാല്‍. ഇതര ഹിഫ്‌ള്‌ കോളജുകളില്‍ നിന്നും വ്യത്യസ്‌തമായി സ്‌കൂള്‍ പഠനത്തിനും മതപഠനത്തിനും ഒപ്പമാണ്‌ ഖുര്‍ആന്‍ പഠിച്ചതെന്ന്‌ ശ്രദ്ധേയമാണ്‌. ദിവസം രണ്ട്‌ മണിക്കൂര്‍ മാത്രമാണ്‌ ഖുര്‍ആന്‍ പഠനത്തിന്‌ നീക്കിവെക്കുന്നത്‌. ഈ സമയം ഉപയോഗപ്പെടുത്തിയാണ്‌ ഖുര്‍ആന്‍ മുഴുവനായും മന:പാഠമാക്കിയത്‌.തുടക്കം ആറും ഏഴും ദിവസമെടുത്ത്‌ ഒരു ജൂസുഅ്‌ മന:പാഠമാക്കിയിരുന്നതെങ്കില്‍ പിന്നീട്‌ മൂന്നു ദിവസംകൊണ്ട്‌ ഓരോ ജുസുഅ്‌ തജ്‌വീദ്‌ നിയമങ്ങളോടെ മന:പ്പാഠമാക്കി. റഹ്‌മത്തുള്ളാ ഖാസിമി മൂത്തേടം പ്രിന്‍സിപ്പളായ സ്ഥാപനത്തില്‍ കാരന്തൂര്‍ സ്വദേശി ഹാഫിള്‌ താജുദ്ദീന്‍ ഫൈസിയുടെ ശിക്ഷണത്തിലാണ്‌ മുഹമ്മദ്‌ ബിലാല്‍ ഖുര്‍ആന്‍ പഠനം നടത്തിയത്‌. ബിലാലിനൊപ്പം 29 വിദ്യാര്‍ത്ഥികള്‍ കൂടി ബാച്ചില്‍ പഠനം നടത്തുന്നുണ്ട്‌. സുഹൃത്തുക്കളെയെല്ലാം പിന്നിലാക്കി അദ്ധ്യാപകരെയും രക്ഷിതാക്കളെയും വിസ്‌മയിപ്പിച്ചാണ്‌ ബിലാലിന്റെ പഠനം. പാഴൂര്‍ എ.യു.പി. സ്‌കൂളിലെ 5-ാംതരം വിദ്യാര്‍ത്ഥിയാണീ മിടുക്കന്‍. സ്‌കൂളിലും മികച്ച നിലവാരം പുലര്‍ത്തുന്നതായി അദ്ധ്യാപകര്‍ പറയുന്നു. കോഴിക്കോട്‌ ജില്ലയിലെ കുരുവട്ടൂര്‍ പഞ്ചായത്ത്‌ ചെറുവറ്റ ദാറുസ്സലാമില്‍ അബ്‌ദുറഹ്‌മാന്റെയും ഹസീനയുടെയും മകനാണ്‌.ബിലാലിന്‌ പുറമെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ ഖുര്‍ആന്‍ മന:പാഠമാക്കി വരുന്നുണ്ട്‌. ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ കാക്കുളങ്ങര കുടുംബം ദാനമായി നല്‍കിയ രണ്ടര ഏക്കര്‍ സ്ഥലത്താണ്‌ ദാറുല്‍ ഖുര്‍ആന്‍ പ്രവര്‍ത്തിക്കുന്നത്‌. ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിനു പുറമെ ദാറുല്‍ ഹദീസ്‌, തൊഴില്‍ പരിശീലന കേന്ദ്രം, ലഹരിക്ക്‌ അടിമപ്പെട്ടവര്‍ക്കുള്ള കൗണ്‍സിലിംഗ്‌ സെന്റര്‍, വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കുള്ള പുനരധിവാസ കേന്ദ്രം തുടങ്ങിയ പദ്ധതികളും ദാറുല്‍ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നു. പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പ്രസിഡണ്ടും, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ്‌ സ്ഥാപന നടത്തിപ്പിന്‌ നേതൃത്വം കൊടുക്കുന്നത്‌.