Monday, January 12, 2009

ഇസ്‌ലാം സമാധാനത്തിനു നിലകൊള്ളുന്ന മതം: ശ്രീലങ്കന്‍ ഗവര്‍ണര്‍

ഇസ്‌ലാം സമാധാനത്തിനു നിലകൊള്ളുന്ന മതം: ജമലുലൈലി
(ചന്ദ്രിക)

ഫൈസാബാദ്‌:
ഇസ്‌ലാം സമാധാനത്തിനായി നിലകൊള്ളുന്ന മതമാണെന്ന്‌ ശ്രീലങ്കന്‍ ഗവര്‍ണര്‍ അസയ്യിദ്‌ ജമലുല്ലൈലി അഭിപ്രായപ്പെട്ടു.

ജാമിഅ നൂരിയ്യ സനദ്‌ദാന സമാപന മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകളെ തീവ്രവാദ മുദ്ര കുത്താനാണ്‌ ചില കേന്ദ്രങ്ങളുടെ താല്‍പര്യം. മരുഭൂമിയില്‍നിന്നും ഉടലെടുത്ത ഇസ്‌ലാം ഇന്ന്‌ ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്‌. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നാണ്‌ പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്‌. രാജ്യത്തോട്‌ പ്രതിബദ്ധത പുലര്‍ത്താതെ പരിപൂര്‍ണ്ണ വിശ്വാസിയാകാന്‍ കഴിയില്ലെന്നാണ്‌ ഈ വചനം ഓര്‍മ്മപ്പെടുത്തുന്നത്‌. സ്‌നേഹവും സമാധാനവുമാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. നിറത്തിലും വേഷത്തിലും മുസ്‌ലിംകള്‍ പലതരമാണെങ്കിലും വിശ്വാസത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്‌. ഈ ഐക്യവും സ്‌നേഹവുമാണ്‌ നമ്മള്‍ നിലനിര്‍ത്തേണ്ടത്‌. ഫലസ്‌തീനിലെ പാവപ്പെട്ട ജനത അനുഭവിക്കുന്ന കെടുതിക്ക്‌ അറുതിയുണ്ടാവണം. വിശ്വാസികള്‍ക്ക്‌ പ്രതിസന്ധി നേരിടുമ്പോള്‍ പ്രാര്‍ത്ഥനയിലാണ്‌ സമാശ്വാസം കാണേണ്ടത്‌.ലോകത്ത്‌ ഇസ്‌ലാം വ്യാപിച്ചുവരുന്നത്‌ ശത്രുക്കള്‍ ഞെട്ടലോടെയാണ്‌ നോക്കികാണുന്നത്‌. യൂറോപ്പില്‍ മുമ്പ്‌ പള്ളികള്‍ അപൂര്‍വ്വമായിരുന്നെങ്കിലും ഇന്ന്‌ മനോഹരമായ പള്ളികളാണ്‌ അവിടെ ഉയര്‍ന്നുവരുന്നത്‌. ഇറാഖുപോലുള്ള ചില രാജ്യങ്ങളില്‍ നമ്മുക്ക്‌ അപചയമുണ്ടായിട്ടുണ്ട്‌. ജാമിഅയില്‍നിന്നും പുറത്തിറങ്ങുന്ന യുവ പണ്‌ഡിതര്‍ ഇത്തരം അപചയങ്ങള്‍ക്കെതിരെയാണ്‌ രംഗത്തുവരേണ്ടതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡണ്ട്‌ ടി.കെ. ബാവ മുസ്‌ല്യാര്‍ പ്രാര്‍ത്ഥന നടത്തി.